Friday, 29 July 2011

ആമ്പലിന്‍റെ പാട്ട്

വരിക വാര്‍തിങ്കളേ......
വന്നെന്‍ ദളങ്ങളെ തഴുകി ഉണര്‍ത്തുക......

ചെളിയില്‍ ജനിച്ചു ഞാന്‍....
എന്‍റെ പാദങ്ങള്‍ തറഞ്ഞീ ജലധിയില്‍....
പത്രജാലം നിരത്തി ഞാന്‍ തോയമേല്‍...
മെത്ത തീര്‍ത്തു നിനക്കായ് പ്രിയതമാ...

രാഗമെന്നില്‍ തളിരിട്ടിതാദ്യമായ്....
പൂ മുകുളം കുരുത്തു നിനക്കായ്....
വന്നിരിക്ക നീ ഞാന്‍ തീര്‍ത്ത മെത്തമേല്‍...
പുഞ്ചിരിച്ചു നീ പാലാഴി തീര്‍ക്കുക...

നിന്‍ കരസ്പര്‍ശമേറ്റു വിരിയുവാന്‍....
എന്‍ ദളങ്ങള്‍ കൊതിക്കയാണോമലേ....
വന്നു നീയെന്‍ മലര്‍ മൊട്ടിനുള്ളിലെ....
ഗന്ധമൊക്കെ നിന്‍ മേനിയില്‍ തൂവുക...

താരജാലങ്ങള്‍ കണ്ണു പൂട്ടുമ്പോളെന്‍....
പൂവിനുള്ളിലെ മധു നുകര്‍ന്നീടുക....
അര്‍ക്കനെത്തിയാല്‍ മാഞ്ഞുപോകില്ലേ നീ...
അത്ര വയ്കാതെ വരികെന്‍ പ്രിയതമാ...

Tuesday, 26 July 2011

അപശ്രുതി

ആ രാഗമിനിയും ഞാന്‍ മീട്ടുകില്ല...
ആ ശ്രുതിയെന്‍ നാവിലിനി വരികയില്ല....
പൂക്കാത്ത മുല്ലപോല്‍ ഈ പൂമുഖപ്പടി മുന്നില്‍....
ചാഞ്ചാടിനില്‍ക്കുവതില്‍ അര്‍ഥമില്ല...

കരളിലെ കാണാത്ത മുറിപ്പാടുകള്‍....
കണ്ണുനീരാലിന്നു നിറയ്ക്കും ഞാന്‍...
ഉരുകുന്ന മനസ്സിന്‍റെ കനലുകളില്‍ ഞാന്‍....
ഒരുനാള്‍ ഒരുനാള്‍ ദഹിച്ചീടും.....

Friday, 22 July 2011

മഴവില്ല്

മേഘങ്ങള്‍ തീര്‍ത്ത...  മഞ്ഞിന്‍റെ കുളിരുള്ള എന്‍റെ കൂടാരത്തില്‍... മാരിവില്ലിന്‍റെ ജാലകത്തിലുടെ നീ വന്നു...നിന്‍റെ നിറഞ്ഞ നയനങ്ങള്‍...ഒരു മഴയായി എന്നില്‍ പെയ്തിറങ്ങി....പുതു മഴ നനഞ്ഞു രസിക്കുന്ന ഒരു കുഞ്ഞിനെ പോലെ ഞാനും...മഴത്തുള്ളികള്‍ക്ക് നിന്‍റെ ചോരയുടെ മണമായിരുന്നെന്ന് ഞാന്‍ അറിഞ്ഞപ്പോള്‍ ഏറെ വൈകിപ്പോയി....നക്ഷ്ത്രങ്ങള്‍ക്കിടയില്‍ എവിടെയൊ നീ മറഞ്ഞു പോയിരുന്നു....

അരുവി

എനിക്ക് പുഴയെ പേടിയായിരുന്നു...അതിന്‍റെ ആഴവും അടിയൊഴുക്കും ശക്തമായ ഓളങ്ങളും എന്‍റെ ഭയത്തെ ഉണര്‍ത്തി....വരണ്ടു കീറിയ എന്‍റെ ഹൃദയത്തിലേക്ക് അവള്‍ ഒരു അരുവിയായി എത്തി...ആ കള കള ശബ്ദം എന്നിലെ ഭയത്തെ കഴുകിക്കളയാന്‍ തുടങ്ങി....എന്‍റെ സിരകളിലേക്കു ചാലുകള്‍ കോരാന്‍ തുടങ്ങിയപ്പോള്‍ അതിന്‍റെ നീരൊഴുക്കു കുറയുന്നതു ഞാന്‍ അറിഞ്ഞു....അതു കുറഞ്ഞു കുറഞ്ഞു തീരെ ഇല്ലാതെ ആയി...എന്നിലെ ഭയം വീണ്ടും ശക്തി പ്രാപിച്ചു....ഇപ്പോള്‍ എനിക്ക് പേടിയാണ്....അരുവികളെയും....